മുംബൈ : വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകൾ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കിൽ, ജൂലായിലെ എഫ്.പി.ഐ നിക്ഷേപം മെയ്, ജൂൺ മാസങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും.
മേയിൽ 43,838 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. ഇതോടെ ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയിൽ എത്തിയതായി ഡിപ്പോസിറ്ററി ഡാറ്റകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ഘടകങ്ങളും മികച്ച കോർപ്പറേറ്റ് വരുമാനവുമാണ് എഫ്.പി.ഐകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ഉയർന്നുവരുന്ന മൂലധന ചെലവിടൽ, മാനുഫാക്ചറിംഗ് മേഖലയുടെ വീണ്ടെടുപ്പ്, ശക്തമായ ബാങ്കിംഗ് മേഖല എന്നിവയെല്ലാം എഫ്പിഐകളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുന്നതിലേക്ക് നീങ്ങുമെന്നും മാന്ദ്യത്തിനുള്ള സാധ്യത വളരെ കുറവാണെന്നും നിക്ഷേപകർ കണക്കുകൂട്ടുന്നു. ഇത് യുഎസ് വിപണികളിൽ റാലിക്ക് കാരണമാകുകയും ഇന്ത്യ ഉൾപ്പെടെയുള്ള വളർച്ചാ വിപണികളോടുള്ള നിക്ഷേപകരുടെ മനോഭാവം ഉയർത്തുകയും ചെയ്യുന്നു. അദാനി ഗ്രൂപ്പ് കമ്പനികളിലേക്കുള്ള നിക്ഷേപങ്ങളും എഫ്.പി.ഐ വരവിലെ ഒരു പ്രധാന ഘടകമായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതലാണ് എഫ്.പി.ഐകൾ ഇന്ത്യൻ വിപണിയിൽ ശക്തമായ വാങ്ങൽ ആരംഭിച്ചത്.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബൾക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കിൽ ഉൾപ്പെടുന്നു. ഈവർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകർ 34,626 കോടി രൂപ പിൻവലിച്ചിരുന്നു. ഇക്വിറ്റികൾക്ക് പുറമെ, ഈമാസം ഇതുവരെയുള്ള വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ 1,076 കോടി രൂപ ഇന്ത്യൻ ഡെറ്റ് മാർക്കറ്റിലേക്കും എത്തിച്ചിട്ടുണ്ട്.