തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് യുഡിഎഫ് തീരുമാനം. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കരിങ്കൊടികളുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലങ്ങളില്‍ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമാകും.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.
ലഹരിമാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്കി കേരളത്തെ ലഹരിമരുന്നിന്റെ താവളമാക്കി ഇടതുസര്‍ക്കാര്‍ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതുസര്‍ക്കാരിന്റെ, ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള സമരവേലിയേറ്റങ്ങളുടെ തുര്‍ച്ചയാണ് കരിദിനമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.