ബംഗളൂരു : കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പുരുഷ സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇന്നലെ രാത്രി സനാപ്പൂര്‍ തടാകത്തിന് സമീപത്ത് വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.
‘സനാപൂരിനടുത്ത് വെച്ച് രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര് വിദേശികളാണ്- ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു,’ കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സ്ഥലത്തുവച്ച് പൊലീസ് ക്യാമറയുള്ള ഹാന്‍ഡ് ബാഗ്, പൊട്ടിയ ഗിറ്റാര്‍, രക്തംപുരണ്ട വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി.