കോട്ടയം : സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിന് വൈക്കം സ്റ്റേഷനിലെ എസ്ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്ഐ അജ്മല്‍ ഹുസൈന്, എഎസ്ഐ വി കെ വിനോദ്, സീനിയര്‍ സിപിഒമാരായ വി വിനോയ്, പി ജെ സാബു എന്നിവരെയാണു മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്. 13നു രാത്രി ഏഴരയ്ക്കാണു സ്ത്രീക്കുനേരെ അതിക്രമം നടന്നത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവരെ സ്കൂട്ടറില്‍ എത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ 22ന് ആണു പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ വൈകിയതോടെ സ്ത്രീ, ഡിഐജിക്ക് പരാതി നല്‍കുകയായിരുന്നു. കേസെടുക്കാന്‍ വൈകിയെന്നും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും തെളിഞ്ഞതോടെയാണു നടപടി. പരാതി കൈപ്പറ്റി രസീത് കൈമാറിയില്ലെന്നും കണ്ടെത്തിയിരുന്നു.