തിരുവനന്തപുരം : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത്.
ലോകത്ത് അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപവകഭേദമാണ് ജെ എന്‍ വണ്‍. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് ഒരാള്‍ക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിള്‍ പരിശോധനയില്‍ കോഴിക്കോട് നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഉള്ളതായാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം. അതിനാല്‍ ഈ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
പ്രത്യേകിച്ച് ക്രിസ്മസ്, പുതുവത്സര ഉത്സവ സീസണ് ആയത് കൊണ്ട് രോഗബാധ വ്യാപിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശം. പ്രായമായവരും മറ്റു രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതാണ് അഭികാമ്യം എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആക്ടീവ് കേസുകളുടെ എണ്ണം മൂവായിരമായിരിക്കുകയാണ്. രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.