കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്ത വയനാട്ടിൽ ഇന്ന് നാല് മന്ത്രിമാർ സന്ദർശനം നടത്തും. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് നടക്കുന്ന ജില്ലയിലെ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിലും തുടർന്ന് ചേരുന്ന ഉന്നതതല യോഗത്തിലും മന്ത്രിമാർ പങ്കെടുക്കും.
മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലിയിലെ പ്രജീഷ് എന്നിവരുടെ വീടുകളും സന്ദർശിക്കും. വയനാടിന്റെ ചുമതലയുള്ള വനംമന്ത്രി ശശീന്ദ്രൻ അവിടെ എത്താത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മന്ത്രി സംഘത്തിനെതിരെ പ്രതിഷേധം ഉണ്ടായേക്കാം എന്നത് കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മന്ത്രി സംഘത്തെ തടയുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിനു മുന്നിൽ ഇന്ന് രാപകൽ സമരം നടത്തും. രാവിലെ പത്തിന് കെ.മുരളീധരൻ എം.പിയാണ് ഉദ്ഘാടനം.