കൊച്ചി: കൊച്ചി കോർപറേഷനിൽ വീടില്ലാതെ ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോൾ ഇവർക്ക് ഫ്ലാറ്റുകൾ സ്വന്തമാവും. ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ചേരികൾ ഇല്ലാതാക്കാൻ യു.പി.എ ഭരണകാലത്ത് നടപ്പാക്കിയ രാജീവ് ആവാസ് യോജന (റേ) പ്രകാരമുള്ള പുനരധിവാസ പദ്ധതിയാണ്.
പന്ത്രണ്ട് നിലകളിൽ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഉയരുന്നത്. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാൾ, അടുക്കള, ബാൽക്കണി. ആകെ 320 ചതുരശ്ര അടി. 2017ൽ പണി തുടങ്ങിയ ആദ്യ സമുച്ചയം മിക്കവാറും പൂർത്തിയായി. വൈദ്യുതീകരണം നടക്കുകയാണ്. എറണാകുളം സിഡ്കോ അസോസിയേറ്റ്സാണ് നിർമ്മാണം. ചെലവ് 36 കോടി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന രണ്ടാം സമുച്ചയത്തിന്റെ ഏഴ് നിലകൾ പൂർത്തിയായി. 46 കോടിയാണ് കരാർ തുക.
താഴത്തെ നില വാടകയ്ക്ക് നൽകും. ഈ വരുമാനം ഭാവിയിൽ കെട്ടിടത്തിന്റെ പരിപാലനത്തിനാണ്. 2013ലാണ് പദ്ധതിക്കായി സർവേ ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ലക്ഷ്യമിട്ട പദ്ധതി ആദ്യം നടപ്പാകുന്നത് കൊച്ചിയിലാണ്. 1200ലേറെ കുടുംബങ്ങളാണ് ഫ്ളാറ്റിന് അപേക്ഷിച്ചത് . അർഹർ 799 പേരായിരുന്നു. ഇതിൽ വീടില്ലാത്ത 398 കുടുംബങ്ങൾക്കാണ് ഇപ്പോൾ ഫ്ലാറ്റ് നൽകുന്നത്. ബാക്കിയുള്ളവരുടെ വീടുകൾ പുനരുദ്ധാരണം വേണ്ടതാണ്. ചേരിയിലുള്ളവർ ഫ്ളാറ്റുകളിലേക്ക് മാറുമ്പോൾ ആ സ്ഥലം കോർപ്പറേഷൻ ഏറ്റെടുക്കും.