ജയ്പൂർ : പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.
ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.