മുംബൈ: ഇന്ത്യൻ ടീമിന്റെയും മുംബൈ ഇന്ത്യൻസിന്റെയും കുന്തമുനയായ ജസ്പ്രീത് ബുമ്രയെ ഒരു ഘട്ടത്തിൽ മുംബൈ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. 2015 സീസണിലെ മോശം പ്രകടനമാണ് മുംബൈ മാനേജ്മെന്റിനെ ഇത്തരത്തിൽ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്. എന്നാൽ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ നായകൻ രോഹിത്താണ് ബുമ്രയെ സംരക്ഷിച്ചതെന്നും പാർത്ഥിവ് പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയത് പോലെയാകുമായിരുന്നു ഇത്. ബുംറയെ മുംബൈ ഒഴിവാക്കിയിരുന്നെങ്കില്‍ അത് ചരിത്രപരമായ മണ്ടത്തരമായി മാറുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മുംബൈയുടെ പ്രധാനപ്പെട്ട താരമാണ് ബുംറ. 120 മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇത്തവണ കരുത്തുറ്റ പേസ് നിരയാണ് മുംബൈക്കുള്ളത്. ജെറാള്‍ഡ് കോയിറ്റ്സി, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ആകാശ് മദ്വാള്, ദില്ഷന് മധുശങ്ക, നുവാന്‍ തുഷാര എന്നിവരെല്ലാം മുംബൈയുടെ പേസ് നിരയില്‍ കരുത്ത് പകരുന്നവരാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ 22ന് ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.