

മൂന്നാര്‍ : പ്രളയത്തിന് കാരണം ഡാമുകള്‍ മനഃപൂര്‍വ്വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി മുന്‍മന്ത്രി എംഎം മണി. തലക്ക് സുബോധം ഉള്ളവര്‍ അങ്ങനെ പറയില്ല. വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങള്‍ക്കറിയാം. വിവാദ പരാമര്‍ശം മന്ത്രി കെ കൃഷ്ണന് കുട്ടി നിഷേധിച്ചിട്ടുണ്ട്. അഥവാ പറഞ്ഞതാണെങ്കില്‍ വിവരക്കേടാണെന്നും എംഎം മണി പറഞ്ഞു.
കെ കൃഷ്ണന്‍കുട്ടി അങ്ങനെ പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ വിഡ്ഢിത്തമാണ്. അന്നത്തെ സാഹചര്യം മലയാളികള്‍ക്ക് അറിയാമെന്നും എം എം മണി പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍പി സ്കൂളിലെ 189 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നൂറിലേറെ സീറ്റ് ഇടതുമുന്നണി നേടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലവും ഇത്തവണ വിജയിക്കും. ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രന് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. തനിക്ക് ലഭിച്ച ഭൂരിപക്ഷം ജയചന്ദ്രന് കിട്ടുമോയെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഞാന്‍ മത്സരിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും എംഎം മണി പറഞ്ഞു.