മുംബൈ: പൊതുതെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുൻ എംപിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.നിയമസഭയിൽ ഭോക്കറിനെ പ്രതിനിധീകരിക്കുന്ന ചവാൻ സ്പീക്കർ രാഹുൽ നർവേക്കറെ കണ്ട് രാജിക്കത്ത് കൈമാറി.
കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് ബിജെപി രാജ്യസഭയിലേക്കുള്ള ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോർട്ടുകൾ.മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാന്. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയും മുന്‍മന്ത്രി ബാബ സിദ്ദിഖുമാണ് പാര്‍ട്ടി വിട്ടത്.
വരുംദിവസങ്ങളില്‍ പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള നിരവധി നല്ല നേതാക്കൾ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജനങ്ങളുമായി ബന്ധമുള്ള നേതാക്കൾ കോൺഗ്രസിൽ ശ്വാസംമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ബി ചവാന്റെ മകനാണ് അശോക് ചവാന്.