


ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ബാങ്കിന്റെ ബോർഡ് അംഗമായിരുന്നു. 1982 ബാച്ചിൽ നിന്നുള്ള വിരമിച്ച ഐ.എ.എസുകാരനാണ് ഏലിയാസ് ജോർജ്. കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്.
2012 ലെ അംഗീകാര ഘട്ടം മുതൽ 2018 ലെ ആദ്യ ഘട്ട ഉദ്ഘാടനം വരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. കെഎംആർഎല്ലിലെ സേവനകാലത്ത്, കൊച്ചി വാട്ടർ മെട്രോ പദ്ധതി ആസൂത്രണം ചെയ്യുന്നതിലും രൂപകൽപ്പന ചെയ്യുന്നതിലും ധനസഹായം നേടുന്നതിലും അംഗീകാരങ്ങൾ നേടുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. വിരമിച്ച ശേഷം, കെപിഎംജിയിൽ 5 വർഷം ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, സർക്കാർ എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു.