മോഹൻലാലുമൊന്നിച്ചുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് ഹരീഷ് പേരടി. അഭിനയകലയുടെ ഉസ്താദ് എന്നാണ് ലാലിനെ ഹരീഷ് വിശേഷിപ്പിച്ചത്. നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നും ഹരീഷ് കുറിച്ചു
”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു…ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം …ലാലേട്ടാ..”. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽഒരുങ്ങുന്ന മലയ്ക്കോട്ടൈ വാലിബനിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കിന് സമൂഹ മാദ്ധ്യമങ്ങളിലടക്കം വമ്പൻ സ്വീകാര്യതയും ലഭിച്ചു. ഹരീഷ് പേരടി, മണികണ്ഠൻ രാജൻ, ബംഗാളി നടി സൊണാലി കുൽക്കണി, ഡാനിഷ് സെയ്ത്ത് തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.