ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന എഎപി നേതാവും ഡൽഹി ഉപ മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ നാലിലേക്കു മാറ്റി സുപ്രീംകോടതി. ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണു സിസോദിയ ഹർജി നൽകിയത്. എന്നാൽ സിസോദിയയുടെ ഭാര്യയുടെ ആശുപത്രി രേഖകൾ പരിശോധിച്ച ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിലയിരുത്തി ഹർജി പരിഗണിക്കുന്നതു മാറ്റുകയായിരുന്നു. സിസോദിയയുടെ ജാമ്യഹർജിയിൽ പ്രതികരണം അറിയിക്കണമെന്ന് ജൂലൈ 14ന് സുപ്രീംകോടതി ഇഡിയോടും സിബിഐയോടും ആവശ്യപ്പെട്ടിരുന്നു.