കാസര്‍കോട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുമായി കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ, ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയതായി കണ്ടെത്തി. എന്നാല്‍ അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല. സംഭവത്തില്‍ നീലേശ്വരം പൊലീസ് കരിന്തളം കോളജില്‍ എത്തി തെളിവെടുപ്പ് നടത്തി.
നീലേശ്വരം എസ്ഐ വിശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിലെത്തി തെളിവെടുപ്പ് നടത്തിയത്. വിദ്യ കോളജില്‍ ഹാജരാക്കിയ രേഖകള്‍ പൊലീസ് പരിശോധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള അധ്യപകരുടെ മൊഴി രേഖപ്പെടുത്തി. ഒരുവര്‍ഷം കരിന്തളം കോളജില്‍ വ്യജരേഖയുടെ പിന്‍ബലത്തില്‍ വിദ്യ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. മലയാളം വിഭാഗത്തിലായിരുന്നു സേവനം. ഈ വര്‍ഷം മേയില്‍ അധ്യാപകര്‍ക്കുവേണ്ടിയുള്ള ഗസ്റ്റ് ലക്ചര്‍ അഭിമുഖത്തിനായി എത്തിയപ്പോഴാണ് മഹാരാജാസില്‍ ജോലി ചെയ്തിന്റെ വ്യാജ സര്‍ട്ടഫിക്കറ്റ് വീണ്ടും സമര്‍പ്പിച്ചത്. കരിന്തളം ഗവ. കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവില്‍ ഇവര്‍ സര്‍വകലാശാല മൂല്യ നിര്‍ണയ ക്യാംപുകളിലും പങ്കെടുത്തതായും വിവരമുണ്ട്
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യാജരേഖ പുറത്തായത്. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പെട്ടതോടെ കള്ളം പുറത്താകുകയായിരുന്നു . പാലക്കാട് പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പിലും വിദ്യ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.