കാസര്‍ഗോഡ്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതി കെ.വിദ്യ വെള്ളിയാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകും. കേസില്‍ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നീലേശ്വരം പൊലീസെടുത്ത കേസില്‍ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
വ്യാജരേഖ സ്വന്തമായി ഫോണില്‍ നിര്‍മിച്ചെന്ന വിദ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന എന്നീ വകുപ്പുകളാണ് നിലവില്‍ വിദ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക അഭിമുഖത്തില്‍ വിദ്യ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഒപ്പം പങ്കെടുത്ത, തന്റെ സീനിയര്‍ കൂടിയായ ഉദ്യോഗാര്‍ഥിയെ മറികടക്കാനായിരുന്നു.