കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് കുട്ടോത്ത് എന്ന സ്ഥലത്തുനിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളജ് മുൻ വിദ്യാർഥിനിയായ സുഹൃത്തിന്റെ വീട്ടിലാണ് വിദ്യയുണ്ടായിരുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹയാത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദ്യ കുടുങ്ങിയത്. വിദ്യയുമായി പോലീസ് സംഘം പാലക്കാട്ടേയ്ക്കു തിരിച്ചു. ഇന്ന് രാവിലെ 10 ന് പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കേസെടുത്ത് 15 ദിവസത്തിനു ശേഷമാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് വിദ്യയെ കണ്ടെത്തുന്നത്. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കാനായി മാറ്റിയിരുന്നു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020 -21 അധ്യയനവര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായി ജോലി നോക്കിയെന്ന വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിദ്യ ഹാജ രാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജിന്റെ ലെറ്റര്‍പാഡില്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റില്‍ കോളജിന്റെ മുദ്രയും സീലുമുണ്ടായിരുന്നു.