തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നൽകിവരുന്നത്. സർക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തിൽ 93 ലക്ഷം പേർക്ക് റേഷൻ കാർഡുകളുണ്ട്. ഇതിൽ 55 ലക്ഷത്തോളം പേർ സപ്ലൈകോ സ്റ്റോറുകളിൽ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറിൽ ഉള്ളൂ.
എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങൾ, ശബരി ഉല്പന്നങ്ങൾ, മറ്റു കമ്പനി ഉല്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 5 മുതൽ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്. എല്ലാ പ്രധാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ചന്തകളും സർക്കാർ ആരംഭിക്കാറുണ്ട്. നിലവിൽ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സർക്കാരിന്റെ ജനക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് കാര്യക്ഷമമായ പൊതുവിതരണ സംവിധാനവും വില നിയന്ത്രണത്തിനായുള്ള സർവ്വതലസ്പർശിയായ ഇടപെടലുകളും. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഇടമെന്ന ബദൽ വികസന സങ്കൽപ്പമാണ് ഇവിടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത്. പിണറായി വിജയൻ വ്യക്തമാക്കി.