മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു. പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം ലഭിച്ചു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള ഒരു നമ്പറിൽ നിന്ന് പെൺകുട്ടികളുടെ ഫോണിലേക്ക് കോൾ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു,
ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദയെയും അശ്വതിയെയും കാണാതെയാകുന്നത്. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് എത്തിയെങ്കിലും കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല. കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വിച്ച് ഓഫ് ആണ്. ഒരുതവണ ഓണായപ്പോൾ കോഴിക്കോടാണ് ലൊക്കേഷൻ കാണിച്ചത്. കൂടാതെ, പെൺകുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിമ്മിൽ നിന്ന് വന്ന കോളിൽ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയാണ് കാണിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
കുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോം മാറി ഇരുവരും നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.