കൊച്ചി : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി. കൊച്ചി കടവന്ത്രയില്‍നിന്നാണ് ഭക്ഷണം പിടികൂടിയത്. ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തിയപ്പോള്‍ ഭക്ഷണം അടച്ചുവെയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി.
സ്വകാര്യ വ്യക്തി കരാറെടുത്ത സ്ഥാപനമാണിത്. ഇവിടെ നിന്നാണ് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം കവറുകളിലാക്കിയാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. മുട്ട, സാമ്പാര്‍, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം നില്ക്കാന് സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോര്പ്പറേഷന് ആരോഗ്യം വിഭാഗം പരിശോധനയ്ക്കെത്തിയത്.
അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്ററിലെ പാചകകാര്‍. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സ്ഥാപനത്തിന് ലൈസന്‍സില്ല. നേരത്തെ മാലിന്യപ്രശ്നത്തിന്റെ പേരില്‍ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നയായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെ പറ്റി നാട്ടുകാര്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു.