ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നാലാംദിവസവും മൂടല്മഞ്ഞിന് ശമനമില്ല. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ദൃശ്യപരിധി കുറഞ്ഞത് ട്രെയിന്‍, വിമാന സര്‍വീസുകളെ ഇന്നും ബാധിച്ചു. നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകളാണ് വൈകുന്നത്. ചില വിമാന സര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്.ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 മീറ്ററാണ് രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരിധി. പല വിമാനങ്ങളും ഡൽഹി വിമാനത്താവളത്തിൽ നിന്ന് സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്.ഡല്‍ഹിയില്‍നിന്ന് പോകുന്നതും ഡല്‍ഹിയിലേക്ക് വരുന്നതുമായ നിരവധി ട്രെയിനുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. ഡൽഹിയിലേക്കുള്ള 11 ട്രെയിനുകൾ വൈകി. വെള്ളിയാഴ്ച രാവിലെ എത്തേണ്ട ട്രെയിനുകള്‍ നാല് മണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്.
അതേസമയം, ഡൽഹിയിൽ ഇന്ന് വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായി. ശരാശരി വായുഗുണനിലവാര സൂചിക 356 ൽ എത്തി.അടുത്ത അഞ്ച് ദിവസത്തേക്ക് ഹരിയാനയിലും പഞ്ചാബിലും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്കി.