ശബരിമല : ശബരിമലയിൽ ഇന്നും ഭക്തജനത്തിരക്കേറി. സന്നിധാനം മുതൽ മരക്കൂട്ടം വരെയാണ് ഭക്തരുടെ ക്യൂ നീണ്ടത്. ഇന്ന് 89,000 പേരാണ് വർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് 4000 കടന്നു.
കഴിഞ്ഞ രണ്ടുദിവസം തിരക്കിന് ഒരു അയവുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നത്. ഇന്ന് രാവിലെ എട്ടുവരെ 30,304 പേരാണ് പതിനെട്ടാംപടി കയറിയത്.
സ്പോട്ട് ബുക്കിംഗിലൂടെയും കാനന പാതയിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. പരമാവധി വേഗത്തില്‍ ഭക്തരെ ദര്‍ശനം നടത്തി അയക്കുകയാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
മണ്ഡലപൂജയുടെ വലിയ തിരക്ക് പരിഗണിച്ചു തിരക്കു നിയന്ത്രണത്തിനായി സന്നിധാനത്ത് 100 പോലീസുകാരെക്കൂടി പുതിയതായി നിയോഗിച്ചിട്ടുണ്ട്. നാലാം ഘട്ടം സേവനത്തിനുള്ള പോലീസ് സംഘം ഇന്നെത്തും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മൂന്ന് എസ്പിമാരാണു പോലീസ് സ്പെഷൽ ഓഫിസറായി ഉള്ളത്.