ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് നഗരത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ഡൽഹി സർക്കാർ. യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിലും നദീ തീരങ്ങളിൽ താമസിക്കുന്നവർക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഡൽഹിയിൽ തിങ്കളാഴ്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു-കാഷ്മീർ സംസ്ഥാനങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴയിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ കഴിഞ്ഞ ഒരു ദിവസത്തിൽ 15.3 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്നും മണ്‍സൂണ്‍ കാലത്ത് ആകെ പെയ്യേണ്ട മഴയുടെ 15 ശതമാനവും വെറും 12 മണിക്കൂറിലാണ് പെയ്തതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തിരുന്നു.പടിഞ്ഞാറൻ കാറ്റും മണ്‍സൂണ്‍ കാറ്റും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് ഡൽഹി ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തീവ്രമായ മഴയ്ക്കു കാരണം. മഴയ്ക്കു സാധ്യതയുള്ളതിനാൽ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.