തൃശൂര്‍ : യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന് ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടില്‍ മര്‍ദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖില്‍ എന്നയാളുമായി ചേര്‍ന്ന് പ്രതി ഗോപകുമാര്‍ തൃശൂരില്‍ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ അഖില്‍ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.
സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലയും വളയും തട്ടിയെടുത്തതായും പറയുന്നുണ്ട്. യുവതി ചികിത്സയിലാണ്. മൂന്നുദിവസം മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ മൊഴി.