ഇംഫാല്‍: മണിപ്പൂരിലെ മൊറെയിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമണത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്ക് . റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ തൗബാലിലെ മെയ്തെയ് മുസ്ലിം മേഖലയിലെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡാ യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിക്കാനിരിക്കെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷങ്ങൾ.
ഒരിടവേളക്ക് ശേഷമാണ് പുതുവത്സരപുലരിയിൽ മണിപ്പൂരിൽ വീണ്ടും ജനക്കൂട്ടത്തിന് നേരെ വെടിവെപ്പുണ്ടായത്. തൗബാലിലെ മുസ്ലിം വിഭാഗമായ മെയ്തെയ് പംഗലുകൾ താമസിക്കുന്നിടത്ത് പൊലീസ് യൂണിഫോമിലെത്തിയ ആക്രമികളാണ് വെടിയുതിർത്തത്. 15 പേർക്ക് പരിക്കെറ്റു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. മണിപ്പൂരിൽ സംഘർഷത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്ക് നേരെ ഇത് ആദ്യമായാണ് ആക്രമണം.
സംഘർഷത്തിൽ പങ്കാളികളായ കുകി-മെയ്തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലാണ് പംഗലുകൾ. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൊറെയിൽ പുലർച്ചെയാണ് പൊലീസ് വാഹനത്തിന് നേരെ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇംഫാലില്‍ ആയുധങ്ങളുമായി റോന്ത് ചുറ്റുന്ന മെയ്തെയ് സംഘത്തിന്റം ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ മലയോര മേഖലയിൽ ഉൾപ്പെടെ കർഫ്യൂ പ്രഖ്യാപിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അഭ്യർത്ഥിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ഈ മാസം 14നാണ് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്നത്. യാത്രയെ ജനങ്ങൾ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി നേരെത്തെ പറഞ്ഞിരുന്നു.