മുംബൈ : ഓസ്ട്രേലിയൻ വനിതകൾക്കെതിരെയുള്ള ആദ്യ ട്വന്റി-20 യിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ. ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയമായ ജയമായിരുന്നു ഇന്ത്യൻ വനിതകളുടേത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ വനിതകൾ പുറത്തെടുത്തത്.
നാല് വിക്കറ്റ് സ്വന്തമാക്കിയ തിതാസ് സദുവാണ് കളിയിലെ താരം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ 19.2 ഓവറിൽ 141/10. ഇന്ത്യ 17.4 ഓവറിൽ 145/1.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 141ന് പുറത്തായി. ഓസീസിനായി ഫോബൈ ലിച്ച്ഫീൽഡ് (32 പന്തിൽ 49 റണ്‍സ്) എല്ലിസ് പെറി (30 പന്തിൽ നിന്ന് 37 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നാല് ഓവറിൽ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ തിതാസ് സദുവാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ഇന്ത്യക്കായി ദീപ്തി ശർമയും ശ്രേയങ്ക പാട്ടിലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകളുടെ ജയം അനായാസമായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഓപ്പണർമാരുടെ അർധസെഞ്ചുറികൾ ഓസീസ് പതനം പൂർത്തിയാക്കി. ഷെഫാലി വർമ 44 പന്തിൽ 64 റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്ന് സിക്സും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സ്മൃതി മന്ദാന 52 പന്തിൽ നിന്ന് 54 റണ്‍സ് നേടി. ജമീമ റോഡ്രിഗസ് 11 പന്തിൽ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.