ബാഗ്പത്: ഉത്തർപ്രദേശ് ബാഗ്പത്തിലെ ആസ്ത ആശുപത്രിയിൽ തീപിടുത്തം.12 രോഗികളെ രക്ഷപ്പെടുത്തി. ഡൽഹി-സഹാരൻപൂർ റോഡിലെ ബരാൗത്തിലെ ആസ്ത ആശുപത്രിയുടെ മുകള്‍നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർഫോഴാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. എന്നാൽ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഫയർഎഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തി തീയണച്ചത്. 12 രോഗികളായിരുന്നു കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഉത്തർപ്രദേശിലെ ആശുപത്രിയിലും തീപിടിത്തമുണ്ടായത്. 12 നവജാത ശിശുക്കളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു കുഞ്ഞുങ്ങൾ ചികിത്സയിലാണ്. ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആശുപത്രി ഉടമ ഡോക്ടർ നവീൻ ഖിച്ചിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.