ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് പൊലീസ്. മൈസൂരു ലോകായുക്ത പൊലീസാണ് സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുൻ സ്വാമി, ഒരു ദേവരാജ് എന്നിവരാണ് എഫ്ഐആറിൽ പേരുള്ള മറ്റുള്ളവർ. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.ബുധനാഴ്ചയാണ്, മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലായിരുന്നു വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള അദ്ദേഹത്തിന്റെ ഹരജി തള്ളിയായിരുന്നു കോടതി ഉത്തരവ്.
താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹരജി. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു കേസ്.
അതേസമയ, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവയ്ക്കില്ലെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരെ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ കേസാണ്. തന്നെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷമായ ബിജെപി വേട്ടയാടുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.