തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്. യൂജിൻ പെരേര മാത്രമാണ് ഈ കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിനു കണ്ടാലറിയാവുന്ന അൻപതിലേറെ പേർക്കെതിരെയും കേസുണ്ട്.
വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തതോടെയാണു മുതലപ്പൊഴിയിൽ പ്രതിഷേധമുണ്ടായത്. ഇതേച്ചൊല്ലി ലത്തീന്‍ സഭയും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണു യൂജിൻ പെരേരയ്ക്കെതിരായ കേസ്. സ്ഥലത്തെത്തിയ മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്തതു ഫാ. യൂജിന്‍ പെരേരയെന്നു മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചിരുന്നു. മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരായ വി.ശിവന്‍കുട്ടിക്കും ആന്റണി രാജുവിനും എതിരെ ജനത്തിന്റെ പ്രതിഷേധമുണ്ടായി.
‘ഷോ കാണിക്കരുത്’ എന്നാണു ശിവൻകുട്ടി മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്. മത്സ്യത്തൊഴിലാളികളോട് അപമര്യാദയായും തരംതാഴ്ന്ന നിലയിലും പെരുമാറിയതു മന്ത്രിമാരാണെന്നു യൂജിന്‍ പെരേര പ്രതികരിച്ചു. തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു മന്ത്രിമാർ മുതലപ്പൊഴിയിലെത്തിയത്. നിരന്തരം അപകടമുണ്ടായിട്ടും എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. സ്ഥലത്തെത്തിയ യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായി. വിഴിഞ്ഞം സമരത്തിലും ലത്തീൻ സഭയും സർക്കാരും നേർക്കുനേർ പോരാട്ടമായിരുന്നു.