കൊച്ചി : ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ഗുരുതര സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോർട്ട്. നേരത്തെ ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസ് നൽകിയത്.
സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയതെന്നും എന്നാൽ തന്നെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ സിറാജ് പറഞ്ഞു. ഏഴ് കോടി രൂപ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു ആരോപണം.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തി എറണാകുളം മരട് പൊലീസാണ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിൽ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
22 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണച്ചിലവ് എന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. എന്നാൽ 18.65 കോടിയായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഒരു ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ തെറ്റിദ്ധരിപ്പിച്ചു. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇത് അന്വേഷണത്തിൽ വ്യക്തമായെന്നും മരട് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. 47 കോടിയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്ന് സിറാജ് പറഞ്ഞു.
സിറാജ് നൽകിയ ആദ്യ ഹർജിയെത്തുടർന്ന് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.