തിരുവനന്തപുരം : കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചുവടെ:
പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന് നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശ അംഗീകരിച്ചു.
സര്‍ക്കാര്‍ ഗ്യാരണ്ടി : കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുള്ള 6 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.