തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യമൊട്ടാകെയുള്ള ഉല്‍പ്പാദന കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം കൊണ്ടുവരാനും നടപടി സ്വീകരിക്കണമായിരുന്നു. പുതിയ പദ്ധതികളും മാന്ദ്യ വിരുദ്ധ പാക്കേജും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ ഇതൊന്നും ഉണ്ടായില്ലെന്ന് കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ ക്ഷീണം മാറണമെങ്കില്‍ ആളുകളുടെ കൈയില്‍ പണം എത്തണം. പണം എത്തണമെങ്കില്‍ വരുമാനം ഉണ്ടാവണം. എല്ലാ മേഖലയിലും പണം എത്തുന്ന നടപടി സ്വീകരിക്കണം. എന്നാല്‍ ബജറ്റില്‍ ഇതിന് സഹായകരമായ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. കാര്‍ഷികമേഖലയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് അവകാശവാദം. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായുള്ള വിഹിതത്തില്‍ കുറവ് വരുത്തിയതായും ബാലഗോപാല്‍ ആരോപിച്ചു.
47 ലക്ഷം കോടിയിലധികമാണ് ബജറ്റിന്റെ വലിപ്പം. അതില്‍ 17 ലക്ഷം കോടിയും കടമാണ്. അതായത് 36 ശതമാനം. പലിശ ഇനത്തില്‍ മാത്രം 12 ലക്ഷം കോടി രൂപയാണ് കൊടുക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവിന്റെ 25 ശതമാനം പലിശ കൊടുക്കുകയാണ്. എന്നിട്ടാണ് കേരളത്തിന്റെ അവസ്ഥ ശ്രീലങ്ക പോലെ ആകുമെന്ന് ചിലര്‍ പറയുന്നത്. ജിഡിപിയുടെ 5.8 ശതമാനമാണ് കേന്ദ്രത്തിന്റെ കടം. മുന്‍വര്‍ഷം ജിഡിപിയുടെ 6.4 ശതമാനമായിരുന്നു കടം. അടുത്ത സാമ്പത്തികവര്‍ഷം 5.1 ശതമാനമായി കടം കുറയുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം. കേരളത്തിന് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. എന്നാല്‍ കേന്ദ്രം യഥേഷ്ടം കടമെടുക്കുമ്പോള്‍ കിഫ്ബി വായ്പ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി രണ്ടരശതമാനമാക്കി കേന്ദ്രം വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.