തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്ന് ബാലഗോപാൽ പറഞ്ഞു.
നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈവർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്.കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്.