രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ 100 എംപിമാരും വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും എഐസിസി നേതാക്കളുമൊക്കെ രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിനൊരു തീരുമാനമായിരിക്കുന്നു. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന അധീര്‍ രജ്ഞന്‍ ചൗധരി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ലോക്സഭയില്‍ ഇത്തവണ ശക്തമായ പ്രതിപക്ഷമാണ്. അതുകൊണ്ടാണ് രാഹുല്‍ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ഒരേപോലെ ആവശ്യപ്പെട്ടത്.
എന്നാല്‍ എല്ലാക്കാര്യത്തിലും എല്ലാക്കാലത്തും സസ്പെന്‍സ് നിലനിര്‍ത്താറുള്ള രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിലും ഇന്നലെ ഉച്ചവരെ തീരുമാനം പറഞ്ഞില്ല. നെഹ്റു കുടുംബത്തിന്റെ രീതിയനുസരിച്ച് അവര്‍ ഒരു കാര്യം തീരുമാനിച്ച് പുറത്തറിയിക്കുമ്പോഴെ സീനിയര്‍ നേതാക്കള്‍ പോലും വിവരങ്ങള്‍ അറിയൂ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ആരായിരിക്കണം പ്രതിപക്ഷ നേതാവ് എന്ന് അവര്‍ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടാകും. അത് ജനങ്ങളെ അല്ലെങ്കില്‍ പാര്‍ട്ടിയെ അറിയിക്കാന്‍ വൈകിയെന്നേയുള്ളു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തെക്ക് നിന്നുള്ള നേതാവാകയാല്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് വടക്കേയിന്ത്യയിൽ നിന്ന് വേണമെന്നായിരുന്നു ഒരു വാദം. നന്നായി ഹിന്ദിയും ഇംഗ്ളീഷും സംസാരിക്കാന്‍ അറിയാവുന്ന ആളുമാകണം. രാഹുല്‍ ഗാന്ധി തയ്യാറല്ലെങ്കില്‍ ചണ്ഡീഗഡില്‍ നിന്നും ജയിച്ച മനീഷ് തിവാരിയെ പ്രതിപക്ഷ നേതാവാക്കാനും ഒരു വിഭാഗം നേതാക്കൾ കരുക്കൾ നീക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാലിന്റെയും ശശി തരൂരിന്റെ പേര് പോലും ഒരു ഘട്ടത്തിൽ ഉയർന്നു. ഹിന്ദി കൈകാര്യം ചെയ്യുന്നതിലെ പോരായ്മ കെസി വേണുഗോപാലിന് തടസ്സമായി. ശശി തരൂരാകട്ടെ ഹിന്ദിയും ഇംഗ്ളിഷും ഒരുപോലെ കൈകാര്യം ചെയ്യുമെങ്കിലും അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതില്‍ നെഹ്റു കുടുംബത്തില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടെന്ന സൂചനയുമുണ്ട്.
രാഹുല്‍ ഗാന്ധി തന്നെയാണ് പ്രതിപക്ഷ നേതാവാകേണ്ടതെന്ന് ഡിഎംകെയുടെ എംകെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും ആവശ്യപ്പെട്ടിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രിയായി ഉയര്ത്തിക്കാട്ടണമെങ്കില് രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നായിരുന്നു ഇന്ത്യാമുന്നണിയിലെ ഘടകക്ഷികളുടെ വാദം. കോണ്‍ഗ്രസിൽ നിന്ന് ആര് പ്രതിപക്ഷ നേതാവായാലും അത് പ്രോക്സി സ്ഥാനമായിരിക്കുമെന്നും രാഹുല്‍ തന്നെയായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷ നേതാവെന്നും ബിജെപി നേതാക്കള്‍ പരിഹസിക്കുകയും ചെയ്തു. ഇത്തവണ ഇരട്ടി ശക്തനായ രാഹുലിനെയായിരിക്കും മോദിക്ക് നേരിടേണ്ടി വരികയെന്നും ബിജെപിക്കറിയാം. എന്നാലും നേതൃസ്ഥാനത്ത് അവര്‍ പ്രതീക്ഷിച്ചത് രാഹുല്‍ ഗാന്ധിയെ തന്നെയാണ്.
കോണ്‍ഗ്രസില്‍ നിന്നും ആര് ഏത് നേതൃസ്ഥാനത്ത് വന്നാലും അയാള്‍ നെഹ്റു കുടുംബത്തിന് താഴെത്തന്നെയായിരിക്കും. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായപ്പോഴും സംഭവിച്ചത് അതു തന്നെയാണ്. സോണിയാ ഗാന്ധിയായിരുന്നു അന്ന് യഥാര്‍ത്ഥ പ്രധാനമന്ത്രി. നരസിംഹറാവുവിന്റെ അടുത്ത് അത് നടക്കാതെ പോയി. അദ്ദേഹത്തിന്റെ മൃതദേഹം എഐസിസി ഓഫീസില്‍ കയറ്റാതെയാണ് നെഹ്റു കുടുംബം അതിന് പകരം വീട്ടിയതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. അതുകൊണ്ട് രാഹുല്‍ അല്ലങ്കില്‍ മറ്റാര് എന്ന ചോദ്യത്തിനൊന്നും വലിയ പ്രസക്തി ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടില്‍ പ്രിയങ്കയെ മല്‍സരിപ്പിച്ച് അവരെ പ്രതിപക്ഷനേതാവാക്കണമെന്ന് കോണ്‍ഗ്രസിലെ ചിലര്‍ രഹസ്യമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിനും രാഹുലിന്റെ അനുമതി വേണ്ടിയിരുന്നു. ഏതായാലും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് ഒടുവിൽ രാഹുൽ തന്നെ സമ്മതിച്ചിരിക്കുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവെന്ന ചീത്തപ്പേര് നേരത്തേയുള്ള രാഹുൽ പ്രതിപക്ഷനേതാവ് ആകുന്നതിലൂടെ അല്പം വൈകിയിട്ടാണെങ്കിലും ഉചിതമായ തീരുമാനമെടുത്തുവെന്ന് കോൺഗ്രസ്സ് നേതാക്കൾ ആശ്വസിക്കുന്നു