കൊല്ലം: മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്.
കെ രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, പോക്കുവെയിൽ, മഞ്ഞ്, വിധേയൻ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ നിർമാതാവാണ്. സിനിമാ നിർമാണ കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. പി ഭാസ്കരൻ, എ വിൻസെൻറ് , എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ എന്നിവരുടെ ചിത്രങ്ങളുടെ നിർമ്മാതാവായി.
കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറൽ പിക്ചേഴ്സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു. 1967-ലാണ് ജനറൽ പിക്ചേഴ്സ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. ‘അന്വേഷിച്ചു, കണ്ടെത്തിയില്ല’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി.
1973ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലാഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977 ൽ പുറത്തിറങ്ങിയ ‘കാഞ്ചനസീത’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത് ഷാജി എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം സ്വദേശി വെണ്ടർ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളിൽ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955 ൽ കോമേഴ്സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. സമ്പന്നതയിലേക്ക് ജീവിതം പറിച്ചുനടുമ്പോഴാണ് ഇഷ്ടമേഖലയായ കലാരംഗത്തും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന മോഹം ഉദിച്ചത്.
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായിരുന്ന ഉഷാ രവി 2013ൽ അന്തരിച്ചു. മക്കൾ. പ്രതാപ് നായർ, പ്രിത, പ്രകാശ് നായർ.