റാഞ്ചി : ജാതി സെൻസസ് നടപ്പാക്കുന്നതു തടയാൻ ഒരു ശക്തിക്കുമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തു വിലകൊടുത്തും ജാതി സെൻസസ് നടപ്പാക്കുമെന്നും സംവരണ പരിധി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുൽ പറഞ്ഞു.
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ നാനാഭാഗങ്ങളിൽനിന്നും ആക്രമണം നേരിടുകയാണു ഭരണഘടനയെന്ന് അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ സംരക്ഷിക്കണം. ഭരണഘടനയെ അവഗണിച്ചു നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അതു നടപ്പാക്കാൻ പോകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം തുടർന്നു. മനുസ്മൃതി അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണ്. തലമുറകളായി ആ സംഘർഷം നിലനിൽക്കുന്നുണ്ട്. 1949-50 കാലഘട്ടത്തിലാണ് ഭരണഘടന ഔദ്യോഗിക രൂപം പ്രാപിച്ചതെങ്കിലും അതിന്റെ ആധാരമായ തത്വശാസ്ത്രത്തിന് ആയിരക്കണക്കിനു വർഷത്തെ പഴക്കമുണ്ട്. ബുദ്ധനും ഗുരുനാനാക്കും ഡോ. ബി.ആർ അംബേദ്കറും ബിർസ മുണ്ടയും നാരായണ ഗുരുവും ബസവണ്ണയുമെല്ലാമാണ് അതിനെ രൂപപ്പെടുത്തുന്നത്. ആ മഹാനേതാക്കളുടെ സ്വാധീനമില്ലെങ്കിൽ ഈ ഭരണഘടന തന്നെ ഉണ്ടാകുമായിരുന്നില്ല. അവരുടെ പുരോഗമന ചിന്തകളെല്ലാം ഇനു ഭീഷണി നേരിടുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ആദിവാസികളെ ബിജെപി ‘വനവാസികൾ’ എന്നു വിളിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. അവരെ പാർശ്വവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. ഈ നാട്ടിലെ ആദിമവാസികളാണ് അവർ. ഇവിടത്തെ ഭൂസ്വത്തുക്കളുടെയെല്ലാം പ്രാഥമികാവകാശികളാണ് അവർ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം, രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഉൾപ്പെടെയുള്ള സുപ്രധാന പരിപാടികളിൽനിന്നെല്ലാം മാറ്റിനിർത്തിയത് അവർ ആദിവാസിയായതുകൊണ്ടാണെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തെ വർധിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അസമത്വം പരിഹരിക്കാൻ ജാതി സെൻസസ് വളരെ പ്രധാനമാണെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. 90 ശതമാനം മനുഷ്യരുടെയും അവകാശങ്ങൾ മുഴുവൻ ഒരു ശതമാനം വിഭാഗം കൈയടക്കിവച്ചിരിക്കുകയാണ്. എന്തു വിലകൊടുത്തും ജാതി സെൻസസ് നടപ്പാക്കും. 50 ശതമാനം എന്ന സംവരണ പരിധി എടുത്തൊഴുവാക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.