സൂറിച് : അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്, ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ അച്ചടക്ക നടപടികളുമായി ഫിഫ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ മാരക്കാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിനിടെ ഇരു രാജ്യങ്ങളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി അരങ്ങേറി. വിഷയത്തിലാണ് ഫിഫ നടപടിക്കൊരുങ്ങുന്നത്. ഇക്കാര്യം ആഗോള ഫുട്ബോള്‍ സംഘടനം സ്ഥിരീകരിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയാണ് മത്സരം പുനരാരംഭിച്ചത്.
നിശ്ചയിച്ച പ്രകാരം മത്സരം നടത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനു മുകളില്‍ നേരം കഴിഞ്ഞ ശേഷമാണ് പോരാട്ടം ആരംഭിച്ചത്. ഒറ്റ ഗോളിനു പോരാട്ടം അര്‍ജന്റീന ജയിക്കുകയും ചെയ്തു.
ആരാധകര്‍ മത്സരം വൈകിപ്പിക്കാന്‍ അക്രമം അഴിച്ചുവിട്ടത് ചൂണ്ടിക്കാട്ടിയാണ് അര്‍ജന്റീന അസോസിയേഷനെതിരെ നടപടി. അക്രമം നടന്നിട്ടും അതു നിയന്ത്രിക്കാന്‍ ഇടപെട്ടില്ലെന്നതാണ് ബ്രസീല്‍ ഫെഡറേഷനെതിരായ കുറ്റം. ഇരു ടീമുകളും ഫിഫയുടെ നിയമത്തിലെ 17.2, 14.5 കോഡുകള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.