തിരുവനന്തപുരം : ഏഴു ദിനരാത്രങ്ങൾ നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. 68 രാജ്യങ്ങളിൽ നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര സമർപ്പണം നിർവഹിക്കും.
സ്ത്രീ പ്രാതിനിധ്യം ചർച്ചയായ മേളയുടെ ഉദ്ഘാടന വേദി സ്ത്രീകളാൽ സമ്പന്നമായിരുന്നു. മുഖ്യാതിഥിയായി എത്തിയ ശബാന ആസ്മി മേളയുടെ മാറ്റ് കൂട്ടി. രണ്ടാം ദിവസമാണ് മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചത്. മലയാളത്തിൽ നിന്നെത്തിയ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഏഷ്യൻ സിനിമയുടെ വളർച്ചയുടെ ദിശ സൂചിപ്പിക്കുന്നതായിരുന്നു മൂന്നാം ദിവസം.. സംവിധായക ആൻ ഹുഴിയുമായുള്ള പ്രത്യേക സംഭാഷണ പരിപാടിയും അന്ന് നടന്നു. നാലാം ദിവസം മലയാള സിനിമയിലെ മുതിർന്ന നടിമാർക്ക് ആദരമർപ്പിച്ച ചടങ്ങും ശ്രദ്ധേയമായി. സമീപകാലത്ത് സിനിമ മേഖലയിൽ ഉണ്ടായ സംഭവവികാസങ്ങളോടുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഇത്. ഫെസ്റ്റിവൽ ഫേവറേറ്റ് വിഭാഗത്തിലെ ചിത്രങ്ങളാണ് അഞ്ചാം ദിവസം ചർച്ചയായത്. കാനിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റും സംവിധായക പായൽ കപാടിയയും ആറാം ദിവസം തിളങ്ങി നിന്നു. സമാപന ദിവസത്തിനു വേണ്ടിയുള്ള ഒരുക്കമാണ് ഏഴാം ദിവസം നടന്നത്. അവാർഡ് നിർണയമടക്കമുള്ള കാര്യങ്ങൾ അവസാനഘട്ടത്തിലാണ്.