തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്.പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്നും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല; എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ആഹാരവസ്തുക്കൾ അടച്ച് സൂക്ഷിക്കുകയും വേണം.വെള്ളം കയറുന്ന സ്ഥലങ്ങളിലുള്ള ആരോഗ്യസ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടനാട്ടിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് മൂന്ന് മൊബൈല്‍ ഫ്ലോട്ടിംഗ് ഡിസ്പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.