കൊല്ലം : പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം.
ഒരു മാസം മുന്‍പ് കഴിഞ്ഞ മാസം 24-ാം തീയതി മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ചാണ് സംഭവം. മുറിയില്‍ വച്ച് മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വനിതാ ഡോക്ടര്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ സര്‍ജന്റെ വീട്ടില്‍ അടക്കം പൊലീസ് പരിശോധന നടത്തി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.