ഡാലസ് : യുഎസ് ഫുട്ബോളിലെ ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം അർജന്റീന താരം ലയണൽ മെസ്സിയുടെ ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റർ മയാമി വിജയിച്ചിരുന്നു. ഏറ്റുമുട്ടിയ ആരാധകരില്‍ ഒരാൾ മെസ്സിയുടെ പേരുള്ള അർജന്റീന ജഴ്സി ധരിച്ചാണ് കളി കാണാനെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീക്കു നേരെയും മർദനമുണ്ടായി. സ്ത്രീയും തിരിച്ച് മർദിക്കുന്നുണ്ട്.
താഴെവീണിട്ടും ഇരു വിഭാഗവും അടങ്ങിയില്ല. നിലത്തു കിടന്നായി പിന്നീട് അടി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 85–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് മത്സരത്തിൽ മയാമി സമനില പിടിച്ചത്. ഇരു ടീമുകളും നിശ്ചിത സമയത്ത് നാലു ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റിലും 85–ാം മിനിറ്റിലുമാണ് മെസ്സി ഗോളുകൾ നേടിയത്.
85–ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളോടെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ മെസ്സി ഡീഗോ മറഡോണയെ പിന്തള്ളി. മറഡോണയ്ക്ക് 62 ഫ്രീകിക്ക് ഗോളുകളുള്ളപ്പോൾ മെസ്സി 63 ഗോളുകൾ നേടിയിട്ടുണ്ട്. 65–ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമേഷിയുടെ ഗോളും ഡാലസ് താരം മാർകോ ഫർഫാന്റെ സെൽഫ് ഗോളും ഇന്റർ മയാമിയെ തുണച്ചു.
ഡാലസിനായി ഫകുൻഡോ ക്വിഗ്നോൺ (37), ബെർണാഡ് കമുംഗോ (45), അലൻ വെലാസ്കോ (63) എന്നിവരാണു ലക്ഷ്യം കണ്ടത്. ഇന്റർ മയാമി താരം റോബർട്ട് ടെയ്ലർ 68–ാം മിനിറ്റിൽ സെൽഫ് ഗോളടിച്ചതും മയാമിക്കു തിരിച്ചടിയായി. എന്നാൽ മെസ്സിയുടെ ഗോളോടെ മയാമി കളിയിലേക്കു തിരിച്ചെത്തി. പെനൽറ്റി ഷൂട്ടൗട്ടിൽ 3–5നാണ് മയാമിയുടെ വിജയം. നാലു മത്സരങ്ങളിൽനിന്ന് മയാമിക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം ഏഴായി.