തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ലക്ഷ്യമിട്ടത് വധുവിനെ. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.രാജുവിനെ ആക്രമിക്കുന്ന സമയത്ത് മകന് കാറ്ററിംഗ് ജീവനക്കാരെ കൊണ്ടുവിടാന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ സമയമായിരുന്നു. ഈ തക്കം നോക്കിയാണ് നാലംഗ സംഘം വീട്ടില്‍ വന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനോട് യോജിച്ചില്ല. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമാണ്. അതിനാലാണ് ആലോചന വേണ്ടെന്ന് വച്ചത്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ആലോചന നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ ഭീഷണിമുഴക്കിയിരുന്നു. ശ്രീലക്ഷ്മിയെ അപായപ്പെടുത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ വിവാഹ സത്ക്കാരം കഴിഞ്ഞ് അയല്‍വാസികള്‍ എല്ലാം പോയി ബന്ധുക്കള്‍ മാത്രമുള്ളപ്പോഴാണ് ജിഷ്ണു, സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാം, മനും എന്നിവര്‍ വീട്ടിലെത്തിയത്. ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. നിലത്തുവീണ ശ്രീലക്ഷ്മിയെ രക്ഷിക്കാന്‍ പിതാവ് രാജു ശ്രമിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു.ശബ്ദം കേട്ടെത്തിയ ബന്ധുവിനെയും ഇവര്‍ മണ്‍വെട്ടിയുടെ പിടികൊണ്ട് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് രാജുവിനെയും സമാനമായി രീതിയില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. സ്ത്രീകളെയും ഇവർ ആക്രമിച്ചിരുന്നു
പ്രതികള്‍ വിവാഹ വേദി മുഴുവന്‍ അലങ്കോലപ്പെടുത്തി. ആക്രമണത്തിന് പിന്നാലെ രാജു മരിച്ചെന്ന് കരുതി പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അക്രമികൾ ആശുപത്രി വരെ ഇവരെ പിന്തുടർന്നു. രാജു മരിച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ സംഘം രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.