കായംകുളം : പതിനേഴുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെയും രാധികയുടെയും മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിൽ ചാടിയാണ് പെൺകുട്ടി ജീവനൊടുക്കിയത്.
അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നുവെന്നും, ബന്ധുവായ യുവാവിന്റെ ശല്യം മൂലമാണ് ജീവനൊടുക്കുന്നതെന്നായിരുന്നു കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. യുവാവ് ശല്യം ചെയ്യുന്നതിനെക്കുറിച്ച് വിഷ്ണുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ‘അവൻ ഇടയ്ക്കിടയ്ക്ക് വിളിച്ചും കാണുമ്പോഴുമൊക്കെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നത്രേ. മോൾ ഇതൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.’- വിജയൻ പറഞ്ഞു. പ്ലസ്ടു കഴിഞ്ഞ് എൽ എൽ ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. വാടക വീട്ടിലാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം. വിജയനും രാധികയും ഭിന്നശേഷിക്കാരാണ്. അതേസമയം, യുവാവിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.