പാലക്കാട് : രണ്ടര വയസ് മാത്രം പ്രായമുള്ള മകന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സഹായം തേടി നവ കേരള സദസിലെത്തി അച്ഛന്. രണ്ടര വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതോടെ അച്ഛന് സന്തോഷത്തോടെ മടങ്ങി. 40 ലക്ഷം രൂപയോളമാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വരിക.
തലസീമിയ മേജര്‍ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന കുടുംബത്തിന് കഴിയില്ലെന്ന സങ്കടവുമായാണ് പിതാവ് നവകേരള സദസ് വേദിയായ ചെര്‍പ്പുളശ്ശേരി ഹൈസ്കൂള്‍ ഗ്രൗണ്ടിലെത്തിയത്. ഈ വിഷയം പി മമ്മിക്കുട്ടി എംഎല്‍എയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്യണം. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. നിര്‍ധനനായ തനിക്ക് അതിന് കഴിയില്ലെന്നും കുഞ്ഞിന്റെ പിതാവ് അറിയിച്ചു.
തുടര്‍ന്നാണ് എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.