മലപ്പുറം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൊന്നാനിയിൽ അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എഴുപതുവയസുകാരനും മകനായ 44-കാരനും കഴിഞ്ഞ 24,28 തീയതികളിലാണ് പനി ഗുരുതരമായി മരണപ്പെട്ടത്. സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലയിൽ എച്ച്1 എൻ1 വൈറസ് ബാധമൂലവും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞദിവസം കുറ്റിപ്പുറത്തിനടുത്ത് പൈങ്കണ്ണൂരിൽ 13കാരനായ വിദ്യാർത്ഥി മരണപ്പെട്ടത് എച്ച് 1 എൻ 1 വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്നില്ലെങ്കിലും എലിപ്പനി, എച്ച്1 എൻ1 അടക്കമുള്ള ഗുരുതരമായ പനികൾ വ്യാപിക്കുന്നത് ആശങ്ക ഉയർത്തുന്നു. പനി മൂലം അടുത്തടുത്ത ദിവസങ്ങളിലായി മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചിരുന്നു. കണ്ണൂർ മാതമംഗലം ഏരിയം സ്കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീക്ക്-ജസീല ദമ്പതികളുടെ മകൾ ആസ്വാ ആമിന(3) ആണ് മരിച്ചത്. രണ്ടാഴ്ചയായി കുട്ടി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പിന്നീട് പരിയാരം സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.