തൃക്കരിപ്പൂർ : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനെതുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടിവന്ന എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ. 749 പേരിൽനിന്നായി 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഖമറുദ്ദീനെതിരെ നിരവധി കേസുകളുണ്ട്. ഇതിനിടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
രാഷ്ട്രീയ, -സാമൂഹിക മേഖലയിൽ പ്രമുഖർ ചേർന്ന് തുടങ്ങിയ സംരംഭമായതുകൊണ്ടാണ് പലരും ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം മുടക്കാൻ തയ്യാറായത്. ജ്വല്ലറിയുടെ മുഴുവൻ ശാഖകളും അടച്ച് ഒരുവർഷം കഴിഞ്ഞശേഷമാണ് നിക്ഷേപകർ കേസ് കൊടുത്തത്. 2021 ആഗസ്ത് 27നാണ് ചന്തേരയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വിവിധ സ്റ്റേഷനുകളിലായി 153 കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ലീഗ് നേതൃത്വം ഇടപെട്ട് ആറുമാസംകൊണ്ട് പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നും ലഭിച്ചില്ല.
തട്ടിപ്പിൽ ലീഗിന്റെ പല നേതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജ്വല്ലറിയിലേക്കെന്ന വ്യാജേന സ്വകാര്യ വ്യക്തികളിൽനിന്നും നിക്ഷേപമായി സ്വീകരിച്ച തുകയിൽനിന്നും 10 കോടി ചെലവിട്ടാണ് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഒരേക്കർ ഹൗസിങ് പ്ലോട്ട് ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.