ന്യൂഡൽഹി : വിളകൾക്ക് നിയമാനുസൃത താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി കർഷകർ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്’ ഇന്ന് പുനരാരംഭിക്കും. പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽനിന്നാണ് മാർച്ച് വീണ്ടും തുടങ്ങുക.
ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവമാത്രം പഴയ താങ്ങുവിലയിൽ അഞ്ചു വർഷത്തേക്ക് സംഭരിക്കാമെന്ന കേന്ദ്ര നിർദേശം തള്ളിയാണ് കർഷകർ പ്രക്ഷോഭം തുടരാൻ തീരുമാനിച്ചത്.ശംഭു, ഖനൗരി അതിർത്തികളിലെ ബാരിക്കേഡ്, മണൽ നിറച്ച കണ്ടെയ്നറുകൾ എന്നിവ നീക്കാനായി മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും കോൺക്രീറ്റ് തുരക്കാനുള്ള യന്ത്രങ്ങളും ചൊവ്വാഴ്ച കർഷകർ സ്ഥലത്തെത്തിച്ചു. രണ്ടായിരത്തിലേറെ ട്രാക്ടറുകളും ഇന്ധനം നിറച്ച് മാർച്ചിന് സജ്ജമാക്കി.ബാരിക്കേഡുകൾ നീക്കാന്‍ കർഷകർ പൊലീസിന് അന്ത്യശാസനം നൽകി. ഇരുമ്പു പടച്ചട്ടയും ചണച്ചാക്കുകളുമടക്കം പൊലീസ് ആക്രമണത്തെ ചെറുക്കാനുള്ള സാമഗ്രികളും കർഷകർ സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെ, ട്രാക്ടർ ട്രോളികൾക്ക് ഹൈവേയിൽ അനുമതിയില്ലെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു.