ന്യൂഡൽഹി: പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച് വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന് നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ താങ്ങുവില നിയമാനുസൃതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാർച്ച് 21ന് പുനരാരംഭിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
ചണ്ഡീഗഢിൽ ഞായർ രാത്രി നടന്ന നാലാംവട്ട ചർച്ചയിലാണ് കേന്ദ്രമന്ത്രിമാരുടെ സംഘം നിർദേശം വച്ചത്. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവിലയ്ക്കാകില്ല സംഭരണം. വിവിധ വേദികളിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് സമരസമിതി നിർദേശം തള്ളിയത്.എൻസിസിഎഫ് (നാഷണൽ കോ–- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ), നാഫെഡ് എന്നിവ കർഷകരുമായി കരാർ ഒപ്പിടാൻ സന്നദ്ധമാണെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ യോഗത്തിൽ പറഞ്ഞത്. ഉറപ്പുകൾ എഴുതി നൽകിയില്ല. മന്ത്രിമാരായ അർജുൻ മുണ്ട, നിത്യാനന്ദ് റായി എന്നിവർക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചർച്ചയിൽ പങ്കെടുത്തു.
അതിനിടെ, സമരത്തിൽ രക്തസാക്ഷികളായ കർഷകരുടെ എണ്ണം മൂന്നായി. പഞ്ചാബ്–- ഹരിയാന അതിർത്തിയിലെ ഖന്നോരിയിൽ പാട്യാല സ്വദേശി മഞ്ജീത് സിങ് (70) ഞായർ രാത്രി ഹൃദയാഘാതംമൂലം മരിച്ചു.