അംബാല : ഡ്രോൺ പറത്തി കണ്ണീർവാതകം പ്രയോഗിക്കുന്ന ഹരിയാന പൊലീസ് രീതികളെ ചെറുക്കാൻ പട്ടം ആയുധമാക്കി കർഷകർ. കണ്ണീർ വാതക ഷെല്ലുകളുമായി ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തി.ഇന്നു പുലർച്ചെയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായി കർഷകർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്.
ഇതിനു പുറമേ പ്രധാന റോഡുകളിൽ ഉൾപ്പെടെ വ്യാപക തടസങ്ങൾ തീർത്താണ് കർഷക മുന്നേറ്റം തടയാൻ പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബാരിക്കേഡുകൾ നിരത്തിയും കണ്ടെയ്നറുകൾ റോഡുകളിൽ നിരത്തി അതിൽ മണൽ നിറച്ചും റോഡുകളിൽ വ്യാപകമായി കുഴികളുണ്ടാക്കിയും മാർഗതടസം സൃഷ്ടിക്കാനാണ് ശ്രമം. അതേസമയം, ആറു മാസം കഴിഞ്ഞൂ കൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റും സംവിധാനങ്ങളും കരുതിയാണ് ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളിൽ പുറപ്പെട്ടത്. സംസ്ഥാന അതിർത്തിയിൽ പഞ്ചാബ് സർക്കാർ കൂടുതൽ ആശുപത്രി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒട്ടേറെ ആംബുലൻസുകളും തയാറാക്കി നിർത്തിയിട്ടുണ്ട്.