ഹിസാർ : കർഷകരോഷം തിളയ്ക്കുന്ന ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും ശക്തമായ പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും കർണാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മനോഹർലാൽ ഖട്ടർ അടക്കമുള്ള സ്ഥാനാർത്ഥികളാണ് കർഷക സംഘടനകളുടെ പ്രതിഷേധം നേരിടുന്നത്. തെരഞ്ഞെടുപ്പ് റാലികൾ ഉപേക്ഷിക്കേണ്ട ദയനീയ സ്ഥിതിയിലാണ് പലയിടത്തും ബിജെപി.
ഹിസാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രൺദീപ് സിങ് ചൗട്ടാലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം പ്രതിഷേധത്തിൽ മുങ്ങി. ദേവ ഗ്രാമത്തിലെ വേദിയിലേക്ക് കർഷകർ കരിങ്കൊടികളുമായി ഇരച്ചുകയറി. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് നൂറോളം കർഷകർ ട്രാക്ടറുകളിലെത്തിയത്.കേന്ദ്ര–-സംസ്ഥാന ബിജെപി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളെക്കുറിച്ചുള്ള പ്രതിഷേധക്കാരുടെ ചോദ്യങ്ങൾക്കുമുമ്പിൽ സ്ഥാനാർഥി രൺദീപിന് ഉത്തരംമുട്ടി. യന്ത്രത്തോക്കുകളേന്തിയ കരിമ്പൂച്ചകളുടെ സുരക്ഷ വലയത്തിനുള്ളിൽനിന്ന് രൺദീപ് വിയർത്തു. മറ്റൊരു വഴിയിലൂടെയെത്തി യോഗം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്ഥാനാർഥി കർഷകരുടെ നടുവിൽപ്പെട്ടത്.
നിയമസഭ ഡെപ്യൂട്ടി സ്പീക്കറായ രൺബീർ ഗാങ്വയുടെ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹവും കര്ഷകരോഷത്തിന്റെ ചൂടറിഞ്ഞു.ദയ ഗ്രാമത്തിലും രൺദീപിനുനേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കർഷകരോട് പരസ്യമായി മാപ്പ് പറഞ്ഞാണ് രൺദീപിന് ഗ്രാമം വിടാനായത്. കർഷകരോഷം തുടരുന്നതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് റാലികൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ‘നിങ്ങൾ നോക്കിക്കോളു, ബിജെപിയെ ഞങ്ങൾ ഹരിയാനയിൽ തീർക്കും. കേരളത്തിലേതുപോലെ ബിജെപി ഹരിയാനയിലും വട്ടപ്പൂജ്യമാകും’– രൺദീപിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കർഷക നേതാവ് സത്യദീപ് പറഞ്ഞു.
കർണാൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ മനോഹർലാൽ ഖട്ടറും കരിങ്കൊടി പ്രതിഷേധം നേരിട്ടു. പാനിപ്പത്തിലെ ദിവാന ഗ്രാമത്തിൽ ഖട്ടർ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധിച്ചത്. ഖട്ടറും റാലികൾ റദ്ദാക്കാൻ നിർബന്ധിതനായിരുന്നു. ഹരിയാന ഗ്രാമങ്ങൾ ബിജെപി സ്ഥാനാർഥികളെ ബഹിഷ്ക്കരിക്കുകയാണ്. സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിൽ ആകെ 40 വാഹനം. പത്തും പൊലീസിന്റേത്. സ്ഥാനാർഥി എത്തേണ്ട പോയിന്റുകളിൽ മണിക്കൂറുകൾ മുമ്പേ പൊലീസ് എത്തും. പ്രതിഷേധമില്ലെങ്കിൽമാത്രം സ്ഥാനാർഥി വരും. മറിച്ചാണെങ്കിൽ പരിപാടി റദ്ദാക്കും.+